2009, ജൂലൈ 18, ശനിയാഴ്‌ച

ഓത്തുപള്ളീലന്നുനമ്മള്......

വി.ടി മുരളി എന്ന അനുഗ്രഹീത ഗായകനെ പുതിയ തലമുറയില്‍ അധികമാരും അറിയാനിടയില്ല. പക്ഷേ 'കിളിച്ചുണ്ടന്‍മാവിന്റെ ചില്ലയിലാടും' എന്ന ഗാനവും 'ഓത്തുപള്ളീലന്നുനമ്മള് പോയിരുന്നകാലം' എന്ന പാട്ടും എവിടെയെങ്കിലും കേട്ട ഓര്‍മ്മയുണ്ടാകും.

നല്ല കഴിവുള്ള ഗായകന്‍. വല്ലാതെ അനുഭവിച്ചു പാടുന്ന അനുഭവം ആ കാല്പനികമായ ഗൃഹാതുരത്വം നിറഞ്ഞ ശബ്ദത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് 'കിളിച്ചുണ്ടന്‍ മാവിന്റെ..'എന്ന പാട്ടു കേള്‍ക്കാന്‍ കൊതിച്ച് റേഡിയോയുടെ മുമ്പില്‍ കുത്തിയിരുന്നത് ഓര്‍മ്മവരുന്നു. (തിരുവനന്തപുരം - ആലപ്പുഴ ആകാശവാണിക്ക് ആയിരം നന്ദി. ഈ പാട്ടിലേക്കെല്ലാം എന്നെ അടുപ്പിച്ചത് ഇരപ്പും പതര്‍ച്ചയും നിറഞ്ഞ ശബ്ദത്തിലെങ്കിലും ആ വാണിയാണ് പിന്നെ വിവിധ് ഭാരതിയും, റേഡിയോ സിലോണും. ടേപ്പ് റെക്കോര്‍ഡറും മറ്റും പിന്നെയാണ് വീട്ടിലെത്തിയത്) രണ്ടുപാട്ടും അന്നേ ഞാന്‍ തെരഞ്ഞു പിടിച്ച് സംഘടിപ്പിച്ചിരുന്നു.

എന്തായാലും വി.ടി മുരളി പാടിയ 'ഓത്തുപള്ളി..' ഇതാ.. രാഘവന്‍ മാസ്റ്റര്‍ക്കു മാത്രം പറ്റുന്ന കൈയ്യൊതുക്കത്തോടെ.....

ഈ പാട്ടിനെപ്പറ്റി പെട്ടെന്ന് ഓര്‍മ്മിപ്പിച്ച കിരണ്‍സിനും തറവാടിക്കും കൂടിയിരിക്കട്ടെ ഒരു കുട്ട നന്ദി. ലിങ്ക് ഇവിടെ


ചിത്രം - തേന്‍തുള്ളി
ഗാനരചന - പി.ടി അബ്ദുറഹിമാന്‍
സംഗീതം - കെ. രാഘവന്‍.

Get this widget | Track details | eSnips Social DNA


ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേനീ അപ്പടീ മറന്നു.. (ഓത്തുപള്ളീലന്ന്...

കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു (ഓത്തുപള്ളീലന്ന്....

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു.. (ഓത്തുപള്ളീലന്ന്...




ഈ പാട്ട് ഡൌണ്‍ലോഡ് ചെയ്യണമെന്ന് അടക്കാന്‍ പറ്റാത്ത ആഗ്രഹം തോന്നുന്നവര്‍ക്കായി ഒരു ലിങ്കുകൂടി. ഇവിടെനിന്ന് എടുക്കാം.