2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍....

ജയചന്ദ്രന്‍പാടിയ ഒത്തിരിഗാനങ്ങള്‍ ഇഷ്ടപ്പെട്ടവയുണ്ട്. പക്ഷേ ഇപ്പോള്‍ ബി വസന്തയ്ക്കൊപ്പം പാടിയ ഈ യുഗ്മഗാനമാണ് എന്റെ ഫേവറിറ്റ്.

കാരണമെന്തെന്നല്ലേ... ഏതുപ്രണയികളുടെയും മനസ്സ് ഈ പാട്ടുകേള്‍ക്കുമ്പോ അതിനൊപ്പം സഞ്ചരിച്ചുപോകും. നമ്മളറിയാതെ പണ്ടുകടന്നുപോന്ന അമ്പലക്കുളപ്പടവുകളിലും ഉത്സവത്തേരെഴുന്നള്ളിക്കുന്നിടത്തേക്കും എത്തും. അവിടെയൊക്കെ നമ്മെ സ്നേഹം നിറച്ച് ഒളിഞ്ഞുനോക്കുന്ന രണ്ടു കണ്ണുകള്‍ക്കുവേണ്ടി തിരഞ്ഞുപോകും.... (പ്രേമം അമ്പലത്തിലും കുളത്തിലും മാത്രമേയുള്ളു എന്നൊന്നും ഞാന്‍ കരുതുന്നില്ല, എന്നാലും..) ശ്രീകുമാരന്‍തമ്പിയുടെ പ്രേമഗാനങ്ങള്‍ അത്രയ്ക്ക് നമ്മെ ചലിപ്പിക്കുന്നവയാണ്.

തീര്‍ച്ചയായും ഈ ഗാനം ശ്രീകുമാരന്‍തമ്പിയെഴുതിയ ഏറ്റവും മികച്ചഗാനമൊന്നുമല്ല. ആ പ്രതിഭ എത്രയോ നല്ല ഗാനങ്ങള്‍ മലയാളിക്ക് നല്‍കിക്കഴിഞ്ഞു. സംഗീതത്തെ തടസ്സപ്പെടുത്താതെ ഒഴുകിനീങ്ങുന്നവയും, ചിലപ്പോഴെങ്കിലും ജീവിതത്തിനെന്തര്‍ത്ഥം എന്ന് ഇരുത്തി ചിന്തിപ്പിക്കുന്നവയും, ഒരിക്കലും മറക്കരുത് എന്നു തോന്നിപ്പിക്കുന്നവയും.. അങ്ങനെയങ്ങനെ എത്രയെത്ര കവിതകള്‍.. (കവിത എന്നാണു ഞാന്‍ പറഞ്ഞത്. നല്ല കവിതയെഴുതി ഗാനമാക്കാം എന്നു ഇത്തരം സമയങ്ങളിലാണല്ലോ നമുക്കുറപ്പുണ്ടാവുന്നത്.) ഹൃദയസരസിലെ പ്രണയപുഷ്പവും, അകലെയകലെ നീലാകാശവും, ആ നിമിഷത്തിന്റെ നിര്‍വൃതിയിലും, ഇലഞ്ഞിപ്പൂമണവും, ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനും, എന്‍മന്ദഹാസവും, നീലനിശീഥിനിയും മുതല്‍ എത്രയോ എത്രയോ ഗാനങ്ങള്‍. ഒരുവര്‍ഷം മുഴുവന്‍ ഇരുന്ന് ഗാനങ്ങളെക്കുറിച്ചെഴുതാനുള്ള വകയുണ്ട് അദ്ദേഹം എഴുതിത്തീര്‍ത്ത വരികളില്‍. എം.എസ് വിശ്വനാഥനാവട്ടെ മലയാളസംഗീതം കണ്ട ജീനിയസുകളിലൊരാളും. അദ്ദേഹം പാട്ടുകള്‍ക്കുനല്‍കുന്ന എം.എസ് ടച്ചു തിരിച്ചറിയാന്‍ അഷ്ടപദിയിലെ നായികേ മാത്രം കേട്ടാല്‍ പോരേ?. അല്ലെങ്കില്‍ ജയചന്ദ്രന്റെതന്നെ നീലഗിരിയുടെ സഖികളേ കേട്ടുനോക്കൂ.

1973 ലെ ദിവ്യദര്‍ശനം എന്നചിത്രം 8 പാട്ടുകളുമായാണ് ഇറങ്ങിയത്. മിക്കതും ഹിറ്റുകള്‍. യേശുദാസിന്റെ 'ആകാശരൂപിണി..', ജയചന്ദ്രന്റെതന്നെ 'സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം...' എന്നീ പാട്ടുകള്‍ മറക്കാന്‍ പറ്റുമോ..? പിന്നെ ഈ ഗാനവും. കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍.... ബി വസന്തയുടെ ആലാപനം അത്രയ്ക്കങ്ങെത്തിയോ എന്നു സംശയം. എങ്കിലും മൊത്തത്തില്‍ വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുന്നു എന്നതുതന്നെ ഒരു പാട്ടിനെ സംബന്ധിച്ച് പ്രധാനമാണെന്നു തോന്നുന്നു. എന്തായാലും എന്നെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിച്ചു ഈ പാട്ട്. അതുകൊണ്ട് ഈ പാട്ട് പോസ്റ്റ് ചെയ്യുന്നു.

(മൈലാഞ്ചി പിണങ്ങല്ലെ, 'ഇനിയെന്റെയിണക്കിളി'യെ പിന്നെ വിളിക്കാം.... ട്ടോ.)


Get this widget | Track details | eSnips Social DNAചിത്രം - ദിവ്യദര്‍ശനം
ഗായകര്‍ - ജയചന്ദ്രന്‍, ബി വസന്ത.
ഗാനരചന - ശ്രീകുമാരന്‍തമ്പി,
സംഗീതം - എം. എസ് വിശ്വനാഥന്‍


കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍
കണ്ടുഞാന്‍ നിന്നെയാ സന്ധ്യയില്‍
ദീപാരാധന നേരത്തു നിന്‍മിഴിദീപങ്ങള്‍ തൊഴുതുഞാന്‍
സ്വര്‍ണ്ണക്കൊടിമരച്ഛായയില്‍ നിന്നുനീയന്നൊരു സന്ധ്യയില്‍
ഏതോ മാസ്മര ലഹരിയിലെന്‍മനം ഏകാന്ത മന്ദിരമായ്..
എന്‍മനം ഏകാന്തമന്ദിരമായ്
സ്വര്‍ണ്ണക്കൊടിമരച്ഛായയില്‍ നിന്നുനീയന്നൊരു സന്ധ്യയില്‍..

അശ്വതിയുത്സവത്തേരുകണ്ടു
ആനക്കൊട്ടിലില്‍ നിന്നപ്പോള്‍
അമ്പലപ്പൊയ്കതന്‍ അരമതിലില്‍നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു
ആ രാവിലറിയാതെ ഞാന്‍ കരഞ്ഞു....
കര്‍പ്പൂരദീപത്തിന്‍......

കൂത്തമ്പലത്തിലെ കൂത്തറയില്‍
കൂടിയാട്ടംകണ്ടിരുന്നപ്പോള്‍
ഓട്ടുവളകള്‍തന്‍ പാട്ടിലൂടോമന
രാത്രി സന്ദേശം അയച്ചുതന്നു
കാതോര്‍ത്തിരുന്നഞാന്‍ ഓടിവന്നൂ...
ഞാന്‍ ഓടിവന്നു...
കാതോര്‍ത്തിരുന്നഞാനോടിവന്നു
കാവിലിലഞ്ഞികള്‍ പൂചൊരിഞ്ഞു..
കര്‍പ്പൂരദീപത്തിന്‍......

10 അഭിപ്രായങ്ങൾ:

 1. ഹാവൂ.. ഇവടെയെങ്കിലും ആദ്യ കമന്‍റിട്ടല്ലോ.. ഞാന്‍ ധന്യയായി.. ധാന്യമായി.....ധ്യാനമായി...

  ഞാന്‍ പിണങ്ങീട്ടൊന്നുമില്ല.. പുതിയ പോസ്റ്റിട്ടല്ലോ അത് മതി..
  മറ്റേ പാട്ട് നമുക്ക് പിന്നെ ഇടാം..

  ഇതെന്‍റെ ഫേവറിറ്റ് ഒന്നും അല്ല, എന്നാലും ഇഷ്ടമാണ്... നന്ദി....

  മറുപടിഇല്ലാതാക്കൂ
 2. മൈലാഞ്ചിയുടെ പോസ്റ്റിലെ ‘സുപ്രിയയ്ക്ക്’ കണ്ട് വന്നതാണ്. (എപ്പോഴൊ എന്റെ എന്റെ ബ്ലോഗിലും ഈ പൂ വിരിഞ്ഞിട്ടുണ്ട് എന്നു ഓർക്കുന്നു.)
  പാട്ടു കേട്ടു. സന്തോഷിച്ചു പോകുന്നു.

  മറുപടിഇല്ലാതാക്കൂ
 3. എന്റെ പണ്ടത്തെ ഇഷ്ട്ടപ്രാണേശ്വരിയുടെ പേരും ,ശൈലിയും..
  ഹോ..ഈ പാട്ടും മറ്റും എന്തോ..
  ആ പഴയ സ്മരണകൾ തൊട്ടുണർത്തി...കേട്ടൊ പ്രിയ

  മറുപടിഇല്ലാതാക്കൂ
 4. തമ്പി സാറിന്‍റെ പ്രണയാതുരമായ ഗാനങ്ങള്‍ അതി മനോഹരം തന്നെ.അതിനാലാണല്ലോ പുതിയ തലമുറയുടെ നാവിലും അവ തത്തിക്കളിക്കുന്നത്.സുപ്രിയയുടെ ഉദ്യമം അഭിനന്ദനാര്‍ഹം തന്നെ.

  മറുപടിഇല്ലാതാക്കൂ
 5. പല നേരങ്ങളില്‍ പലതായി
  ഓര്‍മ്മയിലെത്തുന്ന
  പാട്ടുറവകളിലേക്കുള്ള ഈ യാത്ര
  ഓര്‍മ്മയുടെ അനേകം വാതിലുകള്‍ വലിച്ചു തുറക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. പാട്ട് നന്നായിരിയ്ക്കുന്നു!!
  ആശംസകളോടെ..
  ഇനിയും തുടരുക..

  മറുപടിഇല്ലാതാക്കൂ