2010, ജൂലൈ 13, ചൊവ്വാഴ്ച

നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....

ജയചന്ദ്രന്‍ പാടിയ മറക്കാനാവാത്ത ഒരു ഗാനം...

'മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..'

പൂവച്ചല്‍ ഖാദറുടെ വരികള്‍ക്ക് സംഗീതസംവിധാനം ചെയ്തത് രഘുകുമാര്‍. ജോഷി സംവിധാനം ചെയ്ത 'ധീര'യാണ് ചിത്രം.

ഇവിടെവസുന്ധര കാത്തുനില്പൂ.. (അഗ്രഹാരം 1979 നാടകഗാനം)
അത്യുന്നതങ്ങളില്‍..(ആയിരം കണ്ണുകള്‍ 1986)
ചെമ്പരത്തിപ്പൂവേ ചൊല്ല്.., പൂങ്കാറ്റേ പോയി ചൊല്ലാമോ..(ശ്യാമ 1986)
പൊന്‍വീണേ.. (താളവട്ടം 1986)
പൊന്‍മുരളിയൂതുംകാറ്റില്..‍, ശാന്തിമന്ത്രം തെളിയും.. (ആര്യന്‍ 1988)
ആമ്പല്ലൂരമ്പലത്തില്‍... (മായാമയൂരം 1993)
മധുമാസചന്ദ്രന്‍മാഞ്ഞു.. (കാണാക്കിനാവ് 1996)
തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ സ്രഷ്ടാവാണ് രഘുകുമാര്‍. അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് 'ധീര'യിലെ ഈ ഗാനം തന്നെ.

വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ആവറേജ് ഗാനരചന. അതിന്റെ പരിമിതിയെ മറികടക്കുന്ന സംഗീതസംവിധാനവും ആലാപന മികവുമാണ് ഈ ഗാനത്തെ സുന്ദരമാക്കുന്നത്. ജയചന്ദ്രന്റെ ആലാപനത്തെക്കുറിച്ച് എന്തു പറയാന്‍... ആഹ.. ലയിച്ചിരുന്നു പോകും.

ഗാനം കേള്‍ക്കൂ.



ചിത്രം: ധീര (1982)
ഗാനരചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘുകുമാര്‍
പാടിയത്: പി. ജയചന്ദ്രന്‍

Get this widget | Track details | eSnips Social DNA




മൃദുലേ ഇതാ ..
ഒരു ഭാവഗീതമിതാ..
നിന്റെ മിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി...

നൂറുപൂക്കള്‍ താലമേന്തും രാഗമേഖലയില്‍
നൂപുരങ്ങള്‍ നീയണിഞ്ഞു...
നൂറുപൂക്കള്‍ താലമേന്തും രാഗമേഖലയില്‍
രാഗിണീ നീ വന്നുനിന്നു പണ്ടുമെന്നരികില്‍...
(മൃദുലേ ഇതാ...

മണ്ണിന്‍നാണം മാറ്റിനില്‍ക്കും മാഘപൌര്‍ണമിയില്‍
എന്റെദാഹം നീയറിഞ്ഞു...
മണ്ണിന്‍നാണം മാറ്റിനില്‍ക്കും മാഘപൌര്‍ണമിയില്‍
രാധികേ നീ വന്നുനില്പൂ ഇന്നുമെന്നരികില്‍....
(മൃദുലേ ഇതാ...

2010, ജൂലൈ 2, വെള്ളിയാഴ്‌ച

ഓര്‍മ്മകള്‍..... ഓര്‍മ്മകള്‍.....

എം. ജി രാധാകൃഷ്നന്‍ ഓര്‍മ്മയായി.

മലയാളികള്‍ ഒരിക്കലും മറക്കാത്ത കുറെയധികം ഗാനങ്ങള്‍ സംഗീതപ്രേമികളുടെ മനസ്സില്‍ ബാക്കിവച്ച്. ആകാശവാണിക്കുവേണ്ടി ചെയ്ത ലളിതഗാനങ്ങള്‍ മുതല്‍ മലയാളസിനിമയ്ക്കുവേണ്ടി ചെയ്ത നിത്യഹരിത ഗാനങ്ങള്‍ വരെ. അതില്‍ ഘനശ്യാമസന്ധ്യാ ഹൃദയം, ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും‍, ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമരക്കണ്ണന്റെ, ശാരദേന്ദുമയൂഖമാലകള്‍ പൂചൊരിഞ്ഞൊരി സന്ധ്യയില്‍, മയങ്ങിപ്പോയി ഒന്നുമയങ്ങിപ്പോയി, ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേയുറക്കമായോ.., തുടങ്ങിയ ലളിതഗാനങ്ങളും ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ (രണ്ടുജന്മം), പ്രേമയമുനാ തീരവിഹാരം (പൂരം), നാഥാ നീവരും കാലൊച്ച (ചാമരം) മൌനമേ (തകര) ഒരുദലം മാത്രം (ജാലകം), ഓ മൃദുലേ, രജനീ പറയൂ, പ്രണയവസന്തം തളിരണിയുമ്പോള്‍ (ഞാന്‍ ഏകനാണ്), എത്രപൂക്കാലമിനി (രാക്കുയിലിന്‍ രാഗസദസ്സില്‍), അനുരാഗസുധയാല്‍ (യൌവനം ദാഹം), പഴംതമിഴ്പാട്ടിഴയും (മണിച്ചിത്രത്താഴ്) അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടുനീ (അദ്വൈതം) തുടങ്ങി ധാരാളം ഗാനങ്ങളുണ്ടെങ്കിലും ഇതില്‍ എന്റെ പേഴ്സണല്‍ ഫേവറിറ്റ് തകരയിലെ മൌനമേ നിറയും മൌനമേ.. തന്നെയാണ്.

ഭരതന്റെ തകര മലയാളികള്‍ മറക്കാത്ത ചിത്രമാണ്. ഭരതന്‍ കണ്ടെത്തിയ സുഭാഷിണി നായികയായും, പ്രതാപ് പോത്തന്‍ നായകനായും അഭിനയിച്ച ചിത്രം. ഒപ്പം നെടുമുടിവേണുവിന്റെ ചെല്ലപ്പനാശാരിയും. മൌനമേ നിറയും മൌനമേ എന്ന ഗാനം ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു. എസ്. ജാനകിയുടെ സുന്ദര ശബ്ദം. മൌനം എന്ന വാക്കിന്റെ അര്‍ഥത്തോട് ഏറെ അകന്നുനില്‍ക്കുന്നത് എന്നു പ്രത്യക്ഷത്തില്‍ തോന്നും വിധം ഉയര്‍ന്ന സ്ഥായിയിലാണ് ഈ ഗാനം ആരംഭിക്കുന്നത്. എം.ജി രാധാകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്റെ കഴിവ് നാം തിരിച്ചറിയുന്നത് ഇവിടെയാണ്. മൌനത്തിന്റെ പുതിയൊരനുഭവം. പക്ഷേ പാട്ട് മൊത്തത്തിലെടുക്കുമ്പോ ഉദ്ദേശിച്ചിരിക്കുന്ന അനുഭവതലം വളരെ വ്യക്തവും. പാട്ടിനോട് നൂറ്റമ്പതുശതമാനം നീതിപുലര്‍ത്തുന്ന എസ് ജാനകിയുടെ ശബ്ദവും ചേരുമ്പോള്‍ മലയാളത്തിനു ലഭിച്ച അനശ്വരഗാനങ്ങളിലൊന്നായി ഈ ഗാനം മാറുന്നു.

മൌനം ബാക്കിയാക്കി പിരിഞ്ഞുപോയ ആ സംഗീത പ്രതിഭയ്ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് ഈ പോസ്റ്റ്.


ഗാനരചന: പൂവച്ചല്‍ ഖാദര്‍,
സംഗീതം : എം.ജി രാധാകൃഷ്ണന്‍,
ഗായിക : എസ്. ജാനകി.


Get this widget | Track details | eSnips Social DNA




മൌനമേ.... നിറയും മൌനമേ...
ഇതിലെ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ഒഴുകും ദുഃഖം
എന്നും നിന്നെ തേടിവരും...

മൌനമേ നിറയും മൌനമേ...

കല്ലിനുപോലും ചിറകുകള്‍ നല്‍കി
കന്നിവസന്തം പോയി
ഉരുകും വേനലില്‍ മോഹദലങ്ങള്‍
എരിഞ്ഞടങ്ങുകയായി..

മൌനമേ നിറയും മൌനമേ...

ആയിരംനാവായ് പുഴയിലെയോളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോര്‍മയുമായി
ഇന്നും തീരമുറങ്ങും..

മൌനമേ നിറയും മൌനമേ...